Kerala
കൊച്ചി: മണ്ഡല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് പമ്പയിലും സന്നിധാനത്തും ചെറിയ ഷാംപൂ പാക്കറ്റുകൾക്കും രാസ കുങ്കുമത്തിനും ഹൈക്കോടതി വിലക്കേർപ്പെടുത്തി. പ്ലാസിക് ഉപയോഗം പരിസ്ഥിതിക്ക് ദോഷകരമെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസ് രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുടെ ബെഞ്ചിന്റെ നിർദേശം
എരുമേലിയിലും രാസ കുങ്കുമം വില്‍ക്കുന്നതിനും വിലക്കുണ്ട്. ഉത്തരവ് കർശനമായി നടപ്പാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനു കോടതി കർശന നിർദേശം നൽകി. മണ്ഡല മകരവിളക്ക് തീർഥാടനകാലം ആരംഭിക്കാനിരിക്കെ ഇതുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ പരിശോധിക്കുകയായിരുന്നു ഹൈക്കോടതി ദേവസ്വം ബെഞ്ച്.
ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങൾ കോടതി പരിശോധിച്ചു. തീർഥാടനത്തിനുള്ള 52 ഇടത്താവളങ്ങളിലേയും ഒരുക്കങ്ങൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും ദേവസ്വം ബോർഡിനു നിർദേശം നൽകി.
ഇടത്താളവങ്ങളിലെ സൗകര്യങ്ങൾ സംബന്ധിച്ച് സ്പെഷൽ കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ നിർദേശം. ഈ വർഷത്തെ മണ്ഡല മകരവിളക്ക് സീസൺ 15ന് ആരംഭിക്കും.
Kerala
കൊച്ചി: ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസിൽ നിർണായക ഇടപെടലുമായി ഹൈക്കോടതി. സ്ട്രോംഗ് റൂമിലുള്ളത് യഥാർത്ഥ വാതിൽപ്പാളി തന്നെയാണോയെന്ന് പരിശോധിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
വിജയ് മല്യ നൽകിയത് രണ്ടര കിലോ സ്വർണ്ണം പൊതിഞ്ഞ വാതിൽപ്പാളിയാണ്. അഷ്ടാഭിഷേകം നടക്കുന്നിടത്ത് നിന്നാണ് ഇപ്പോൾ സ്ട്രോംഗ് റൂമിലുള്ള വാതിൽപ്പാളി കണ്ടെടുത്തത്. ഇത് യഥാർത്ഥ സ്വര്‍ണപ്പാളി തന്നെയാണോയെന്ന് പരിശോധിക്കണമെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ പറയുന്നു.
കണ്ടെടുത്ത സ്വര്‍ണപ്പാളി യഥാര്‍ത്ഥമാണോയെന്നും അല്ലെങ്കിൽ അതും ഉണ്ണികൃഷ്ണൻ പോറ്റി കടത്തിക്കൊണ്ടുപോയോയെന്നും അന്വേഷിക്കണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിൽ പറയുന്നു.വിജയ് മല്യ നൽകിയത് രണ്ടര കിലോ സ്വര്‍ണ്ണം പൊതിഞ്ഞ വാതിൽപ്പാളിയാണ്.
എന്നാൽ ഉണ്ണികൃഷ്ണൻ പോറ്റി സ്വര്‍ണം പൂശി നൽകിയത് 34 ഗ്രാം മാത്രമുള്ള വാതിൽപ്പാളിയാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഉണ്ണിക്കൃഷ്ണൻ പോറ്റിയ്ക്ക് സ്വർണ്ണം പൂശാൻ നൽകാത്ത പാളികളും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.15 ന് മുൻപ് ശാസ്ത്രീയ പരിശോധനകൾ പൂർത്തീകരിക്കാനാണ് നിർദേശം.
അതേസമയം ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിലവിലെ ദേവസ്വം ബോര്‍ഡിനെ സംശയനിഴലില്‍ നിര്‍ത്തുകയാണ് ഹൈക്കോടതി. നിലവിലെ ഭരണസമിതിയുടെ മിനിറ്റ്സില്‍ ഗുരുതര ക്രമക്കേടുകള്‍ എന്നാണ് കണ്ടെത്തല്‍. ഉണ്ണികൃഷ്ണന് പോറ്റി ലക്ഷ്യം വെച്ചത് രാജ്യാന്തര വിഗ്രഹ കടത്തെന്ന സംശയവും ദേവസ്വം ബെഞ്ച് പ്രകടിപ്പിച്ചു.
പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പരിശോധിച്ചതിന് പിന്നാലെയാണ് കോടതിയുടെ വിമര്‍ശനം. 2019 ലെ ഭരണസമിതിക്കെതിരെയും അതിരൂക്ഷ വിമര്‍ശനമുണ്ട്. ദേവസ്വം ബോര്‍ഡിന്റെ സ്വര്‍ണം ഉണ്ണികൃഷ്ണന് പോറ്റി കൈവശം വെച്ചിട്ടും ക്രിമിനല്‍ നടപടി സ്വീകരിക്കാതിരുന്നത് അത്ഭുതപ്പെടുത്തിയെന്നും കോടതി വ്യക്തമാക്കി.
Kerala
കൊച്ചി: ക്രിക്കറ്റ് സ്റ്റേഡിയവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ കെസിഎ മുൻ ഭാരവാഹികൾക്കെതിരെ വിജിലൻസ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. കെസിഎയുടെ കീഴിലുള്ള ഇടക്കൊച്ചി, തൊടുപുഴ സ്റ്റേഡിയത്തിന്റെ ഭൂമി ഏറ്റെടുക്കലും നിർമാണവുമായി ബന്ധപ്പെട്ട് വൻ അഴിമതി നടന്നു എന്നായിരുന്നു ആരോപണം.
കെസിഎ മുൻ ഭാരവാഹി ടി.സി.മാത്യു അടക്കമുള്ളവരാണ് കേസിൽ പ്രതികൾ. വിജിലൻസ് നൽകിയ അപ്പീൽ ഹർജി അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. വിജിലൻസ് അന്വേഷണം റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അസാധുവാക്കി.
കേരള ക്രിക്കറ്റ് അസോസിയേഷൻ വിജിലൻസിന്റെ അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരില്ലെന്നായിരുന്നു സിംഗിൾ ബെഞ്ചിന്റെ നേരത്തെയുള്ള കണ്ടെത്തൽ.
Kerala
കൊച്ചി: മുന്‍ മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടി മുതൽ തിരിമറിക്കേസിൽ പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തണമെന്ന് ഹൈക്കോടതി. പൊതുസേവകർ ഉൾപ്പെട്ട വഞ്ചനാക്കേസുകൂടി ഉൾപ്പെടുത്തണമെന്നാണ് നിർദേശം.
ലഹരിമരുന്ന് കേസിൽ പ്രതിയായ ഓസ്ട്രേലിയൻ പൗരനെ രക്ഷിക്കാൻ തൊണ്ടിമുതലായ അടിവസ്ത്രം കോടതിയിൽ നിന്ന് മാറ്റിയെന്നാണ് ആന്റണി രാജുവിനെതിരായ കേസ്. 1990 ലാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച രണ്ട് പാക്കറ്റ് ചരസുമായി ഓസ്ട്രേലിയൻ പൗരൻ പിടിയിലായത്.
ഈ കേസിലെ പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടത് കോടതി കസ്റ്റഡിയിലായിരുന്ന അടിവസ്ത്രത്തിൽ ക്രമക്കേട് കാണിച്ചതിനെ തുടർന്നാണെന്നാണ് കണ്ടെത്തൽ. തിരുവനന്തപുരം ബാറിലെ അഭിഭാഷകനായിരിക്കെ ആന്റണി രാജു കോടതി ക്ലർക്കിന്റെ സഹായത്തോടെ അടിവസ്ത്രം മാറ്റിയെന്നാണ് കേസ്.
കേസില്‍ രണ്ടാം പ്രതിയാണ് ആന്റണി രാജു. ഗൂഡാലോചന, വഞ്ചന, തെളിവുകൾ അപ്രത്യക്ഷമാക്കൽ, തെറ്റായ തെളിവുകൾ കെട്ടിച്ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് നിലവിൽ പ്രതികൾക്കെതിരെ നെടുമങ്ങാട് കോടതിയിൽ വിചാരണ നടന്നത്.
ഐപിസി 409-ാം വകുപ്പ് കൂടി ചുമത്തണമെന്നാണ് ഹൈക്കോടതി നിർദേശം. നവംബർ ഇരുപതിനകം കേസിന്റെ വിചാരണ പൂർത്തിയാക്കണമെന്ന് നേരത്തെ സുപ്രീംകോടതി നിർദേശിച്ചിരുന്നു.